Thursday, April 19, 2007

ഇലഞ്ഞികള്‍ പൂക്കുന്നത്‌...

നേര്‍ത്ത നീല വെളിച്ചമാണെപ്പോഴും ഈ മുറിയ്ക്ക്‌. എത്ര പറഞ്ഞിട്ടും അവരിതൊന്നു മാറ്റിയിടുന്നില്ല. ഒരു ദിവസം ഞാനാ ബള്‍ബ്‌ പൊട്ടിച്ചുകളയും. അപ്പോള്‍ കാണാം എന്തുചെയ്യുമെന്ന്‌. പിന്നെ ഇടതുവശത്തെ ചുമരിലെ ജനലും തുറന്നു തന്നില്ല ഇതുവരെ.
നിനക്കറിയുമോ, ജാലകത്തിലൂടെ അകലേയ്ക്കു നോക്കിയാല്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു താഴ്‌വാരം കാണാം. മരങ്ങളുടെ നിരകള്‍ക്കുമപ്പുറം ഒരു തടാകമുണ്ട്‌. അതിനുമപ്പുറത്തെ കാടുകളില്‍ നിന്ന് നേര്‍ത്ത ഇരമ്പലോടെ മഴ വന്നെത്തുന്നത്‌ ഇടയ്ക്കിടെ ഞാനറിയാറുണ്ട്‌. പക്ഷേ അങ്ങനെയൊന്നുമല്ലവിടെ എന്നാണെല്ലാവരും പറയുന്നത്‌. ജനലില്‍ കവിള്‍ ചേര്‍ത്ത്‌ വച്ചാല്‍ മഴത്തുള്ളികളുടെ നനവറിയാനാകും. അതവരോടു പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ല. ഒരിയ്ക്കല്‍ അവിടെ ജനല്‍ ഇല്ലെന്നുപോലുമവര്‍ പറഞ്ഞുകളഞ്ഞു!

ആദ്യമെല്ലാം ഞാന്‍ ഒരുപാടെതിര്‍ത്തിരുന്നു എന്നെയിവിടെ ഒറ്റയ്ക്കാക്കി പോകുന്നതിനെ. പിന്നെ പിന്നെ ഈ അരണ്ട വെളിച്ചത്തിന്റെ, മഴത്തുള്ളികളുടെ, ഗസലിന്റെ, നിന്റെ ഗന്ധത്തിന്റെ ചിമിഴിനുള്ളില്‍ ഒളിച്ചിരിയ്ക്കല്‍ എനിക്കൊരു ശീലമായി.

......................

അവന്‍ ഇടയ്ക്കിടെ വരുന്നതായിരുന്നു എനിയ്ക്കല്‍പമെങ്കിലും ആശ്വാസമായത്‌. നീ കണ്ടിട്ടില്ലല്ലോ ഇതു വരെ. നിന്റെ അതേ ചിരിയും കണ്ണുകളുമാണവന്‌. ഇലഞ്ഞികള്‍ പൂത്ത സുഗന്ധവുമുണ്ടവനോടൊപ്പം. എനിയ്ക്കുറപ്പുണ്ട്‌, കുട്ടിയായിരിയ്ക്കുമ്പോള്‍ നീയും ഇതുപോലെ തന്നെയായിരുന്നിരിയ്ക്കും.
പക്ഷേ അച്ഛനൊട്ടും താല്‍പര്യമില്ല അവനിവിടെ വരുന്നത്‌. അതുകൊണ്ടു തന്നെ മുറിയിലാരുമില്ലാത്തപ്പോഴാണ്‌ ഈയിടെ ഞങ്ങള്‍ കാണുന്നത്‌.

ഞാന്‍ ഒത്തിരി സംസാരിയ്ക്കാറുണ്ടവനോട്‌. കൂടുതലും നിന്നെക്കുറിച്ചാണ്‌. പിന്നെ മഴയിലും സന്തോഷത്തിലും കുതിര്‍ന്ന, നമ്മളൊരുമിച്ചുണ്ടായ ആ ദിനങ്ങളെപറ്റിയും. അവനും ഏറെ ആഗ്രഹമുണ്ട്‌ നിന്നെ കാണുവാന്‍. തിരക്കുകളൊതുങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ നീ വരുന്ന ദിവസത്തിനായി രണ്ടുപേരും കാത്തിരിയ്ക്കയാണിവിടെ.

അവനേക്കുറിച്ചെന്തെങ്കിലും പറഞ്ഞാല്‍ അച്ഛനു ഭ്രാന്തുപിടിച്ചതു പോലെയാണ്‌. എന്നോടു ദേഷ്യപ്പെടുന്നതും പിന്നെ പൊട്ടിക്കരയുന്നതുമെല്ലാം വളരേ പെട്ടെന്നാണ്‌. പ്രായമേറി വരികയല്ലേ, എനിയ്ക്കു മനസ്സിലാക്കാം. അമ്മയ്ക്കു സുഖമില്ലാതായതോടെ പൊതുവേ മൗനത്തിലുമാണ്‌; പാവം.

......................

ചിലപ്പോഴെല്ലാം അവനെ കുറേ നാള്‍ കൂടി കണ്ടതായേ ഓര്‍മ്മവരാറുള്ളു. വന്നുനോക്കി ഞാന്‍ ഉറങ്ങുന്നതു കണ്ട്‌ മടങ്ങിപ്പോകുന്നുണ്ടാവും എല്ലാ ദിവസവും; കഷ്ടം. അവന്റെ കാര്യങ്ങള്‍ നോക്കാന്‍ മറ്റാരുമില്ലെന്നെനിയ്ക്കറിയാം, പക്ഷേ ഈയിടെ ഇവിടെ ഉറുമ്പുകള്‍ കൂടിയിട്ടുണ്ട്‌. ഇടയ്ക്കിടെ കൈത്തണ്ടയില്‍ കടിയ്ക്കും. അപ്പോഴെല്ലാം അറിയാതെ മയങ്ങിപ്പോകും.

ഒരിയ്ക്കല്‍ എല്ലാവരുടേയും കണ്ണു വെട്ടിച്ച്‌ ഞാന്‍ മുറിവിട്ടു പുറത്തേയ്ക്കിറങ്ങിയിരുന്നു. പക്ഷേ വെയില്‍ വീണ, വിജനമായ തെരുവുകള്‍ മഴകാത്തു കിടക്കുംപോലെ തോന്നിയെനിയ്ക്ക്‌. നിനക്കോര്‍മ്മയില്ലേ, ചാറ്റല്‍ മഴയുടെ നനവാര്‍ന്ന നടപ്പാതയില്‍ അടര്‍ന്നുവീണ ഇലഞ്ഞിപ്പൂക്കളെ? അന്നെല്ലാം നീയായിരുന്നു കൊഴിഞ്ഞു പോയ പൂവിതളുകളെല്ലാം എന്റെ വഴികളില്‍ വീണ്ടും വിടത്തി നിര്‍ത്തിയിരുന്നത്‌... ആ സന്ധ്യകളുടെ സൗന്ദര്യമൊന്നും ഇവിടെ ഞാന്‍ കണ്ടില്ല.

എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്‌, നീയെത്തുമ്പോഴെല്ലാം താഴ്‌വരകളില്‍ ഇലഞ്ഞികള്‍ പൂത്തുലയുമായിരുന്നു. കാറ്റില്‍ ഗസലിന്റെ അലകളൊഴുകിയിരുന്നു. ആഹ്ലാദം കൊണ്ടു ജ്വലിച്ച്‌, ദു:ഖത്തില്‍ കുതിര്‍ന്ന്, സ്നേഹത്തില്‍ അലിഞ്ഞ്‌- എല്ലാം, ഞാന്‍ നിന്റെ മുന്നില്‍ നിന്നിട്ടുണ്ട്‌.
ഒരു വാക്കും പറയാതെ നീ പോകുമ്പോള്‍ എനിയ്ക്കുണ്ടായിരുന്ന ഒരേയൊരാശ്വാസം ഉള്ളിലെ ജീവന്റെ കൊച്ചു തുടിപ്പുമാത്രമായിരുന്നു.

ഇതെല്ലാം വഴിയരികില്‍ കണ്ട മെലിഞ്ഞു നീണ്ട ആ ചെറുപ്പക്കാരനോടു പറഞ്ഞുകൊണ്ടിരിയ്ക്കുമ്പോഴാണ്‌ കുറേ ആളുകള്‍ ചേര്‍ന്നെന്നെ വീണ്ടും വലിച്ചിഴച്ച്‌ ഈ മുറിയ്ക്കകത്തടച്ചത്‌. അന്ന്‌ ദു:ഖവും ദേഷ്യവും അടക്കാനാകാതെ അച്ഛനോടും കയര്‍ത്തു സംസാരിച്ചു എന്നാണെന്റെ ഓര്‍മ്മ. കൈത്തണ്ടയില്‍ ഉറുമ്പുകള്‍ കടിച്ചപ്പോള്‍ അടഞ്ഞു പോയ കണ്‍പോളകള്‍ക്കിടയിലൂടെ ചുമരില്‍ ചാരി നിന്നു വിതുമ്പുന്ന അച്ഛനെ അന്നു ഞാന്‍ കണ്ടിരുന്നു.

......................

നിനക്കറിയുമോ, വെള്ള വസ്ത്രം മാത്രം ധരിയ്ക്കുന്ന ആ സ്ത്രീയില്ലേ, ഒരിയ്ക്കല്‍ അവര്‍ പറയുകയാണ്‌ ഗര്‍ഭാവസ്ഥയിലേ നമ്മുടെ കുട്ടി മരിച്ചുപോയെന്ന്‌. അവരതു പറയുമ്പോള്‍ അവനവരുടെ പിറകില്‍ നിന്ന് ചിരിയ്ക്കുന്നുണ്ടായിരുന്നു. ഞാനും ഒത്തിരി ചിരിച്ചുപോയി അതു കേട്ടപ്പോള്‍. പക്ഷേ നിന്നെക്കുറിച്ചു പറയാന്‍ ഞാനൊരാളേയും അനുവദിയ്ക്കാറില്ല. നീ വന്നിട്ടു വേണം എല്ലാവരേയും നമുക്കൊന്നു പോയി കാണുവാന്‍. കുറേ പറയാനുണ്ടെനിയ്ക്കു പലരോടും.

അച്ഛന്‍ അതിരാവിലെ വന്നിരുന്നു. എന്റെ പിറന്നാളാണത്രേ ഇന്ന്. നിനക്കോര്‍മ്മയുണ്ടാകും, ഞാന്‍ പക്ഷേ മറന്നുപോയി. അമ്പലത്തിലെ പ്രസാദവും കൊണ്ടു വന്നിരുന്നു. അതു കഴിച്ച്‌ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴെയ്ക്കും നീ വരുമെന്നാണു പറഞ്ഞത്‌; എല്ലാ ദു:ഖങ്ങളും തീരുമെന്നും.
എന്തെന്നറിയില്ല, വല്ലാതെ കരയുന്നുണ്ടായിരുന്നു അച്ഛനപ്പോള്‍...

എനിയ്ക്കും അകാരണമായൊരു ഭയം തോന്നുന്നു ഇന്ന്‌. നീ എത്രയും പെട്ടെന്നിങ്ങെത്തൂ. ഞാന്‍ മയങ്ങുകയാണെങ്കില്‍ ഇവിടുത്തെ കാര്യങ്ങളേക്കുറിച്ചറിയിയ്ക്കാനാണ്‌ ഇതെല്ലാം കുറിച്ചിടുന്നത്‌.
ആരെന്തു പറഞ്ഞാലും നീയെന്നെയിന്നിവിടുന്നു കൊണ്ടു പോകണം... തനിച്ചെനിയ്ക്കിനി വയ്യ.

Labels:

Posted by Mazhanoolukal @ 4/19/2007 02:25:00 PM
35 comments | links to this post

************************************************

Monday, November 27, 2006

കോളാമ്പിപൂക്കള്‍...

രാത്രി ഏറെ വൈകിയിട്ടുണ്ട്‌... ജാലകവിരികള്‍ കാറ്റിലുലയുന്നത്‌ നേര്‍ത്ത നിലാവില്‍ കാണാം. യമന്‍ കല്യാണില്‍ പതിഞ്ഞൊഴുകുന്ന ജുഗല്‍ബന്ദിയ്ക്കും മീതെയായ്‌ അവളുടെ നനുത്ത ശബ്ദം ഏറെ നേരമായ്‌ അവന്‍ കേള്‍ക്കുന്നു, മടുപ്പൊന്നും കൂടാതെ...

അവള്‍ തുടര്‍ന്നു-
'അധികമൊന്നും മാറ്റം സംഭവിച്ചിട്ടില്ലാത്ത ആ പഴയ ഇടവഴിയിലേയ്ക്കു കയറുമ്പോള്‍ അകലെയെങ്ങോ നേര്‍ത്ത ഇടിമുഴക്കങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. മുന്‍പില്‍ ഒരച്ഛനും മകളും നടന്നു പോകുന്നത്‌ ഞാന്‍ കണ്ടു. ആ കൈകളില്‍ തൂങ്ങി അവള്‍ നടക്കയാണ്‌... അതു നോക്കി, മഴ പെയ്തു തുടങ്ങിയതറിയാതെ, ഞാന്‍ ഏറെ നേരമവിടെ നിന്നു. അച്ഛന്റെ വിരലുകള്‍... അവയെനിക്കിന്ന് എന്റെ സ്വപ്നങ്ങള്‍ പോലെ... വളരെ അകലെ... എനിയ്ക്കു കൈയ്യെത്തിപ്പിടിക്കാവുന്നതിനുമപ്പുറം...'

അവളുടെ നിശ്വാസം ദൂരങ്ങള്‍ താണ്ടി തന്റെ കവിളുകളില്‍ പതിക്കും പോലെ തോന്നിയവന്‌.
ഇടയ്ക്കൊന്നു വിതുമ്പിയോ? പുറത്തു വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദത്തില്‍ താനത്‌ കേള്‍ക്കാതെ പോയതാണോ?
അവന്‍ കണ്ണുകളടച്ചു.
സിത്താറിലാണിപ്പോള്‍ രാത്രി പെയ്യുന്നത്‌...

....................

മഞ്ഞ കോളാമ്പി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന വഴികളിലൂടെ അച്ഛന്റെ കൈകളില്‍ തൂങ്ങി നടന്നുപോകുന്ന ഒരു കൊച്ചു പാവടക്കാരി... ഓരോ വിരലിലും മാറിമാറിപ്പിടിച്ച്‌, അച്ഛന്റെ കാല്‍ചുവടുകളിലേയ്ക്കുറ്റുനോക്കിയാണ്‌ അവള്‍ നടക്കുന്നത്‌. കാണെക്കാണെ അവള്‍ക്കു തോന്നിയോ അച്ഛന്റെ കാലുകള്‍ പിന്നിലേയ്ക്കാണ്‌ നടക്കുന്നതെന്ന്? അതാണോ അവള്‍ ഇടക്കിടെ മുഖമുയര്‍ത്തി അച്ഛനെ നോക്കിയത്‌...?

....................

അവളുടെ പതറുന്ന സ്വരം അവനെ ഓര്‍മ്മകളില്‍നിന്നുണര്‍ത്തി. അവള്‍ തുടര്‍ന്നു-

'നേര്‍ത്ത മഴയില്‍ നനഞ്ഞ്‌ ഞാന്‍ പതുക്കെ നടന്നു... കൈതോടും കടന്ന്, വിജനമായ പാടത്തിന്റെ വരമ്പിലൂടെ... എത്തി നിന്നത്‌, വളരെക്കാലമായ്‌ ഉപേക്ഷിയ്ക്കപ്പെട്ട എന്റെ തറവാട്ടുമുറ്റത്തായിരുന്നു. തിണ്ണയില്‍ അച്ഛന്റെ കാല്‍പാടുകളിപ്പോഴുമുണ്ട്‌.
പണ്ടെന്നോ ചാന്തുതേച്ചതുണങ്ങും മുന്‍പേ ചവിട്ടിയതുകൊണ്ടു പതിഞ്ഞു പോയത്‌.
ഞാന്‍ അവയില്‍ കയറി നിന്നു. എന്റെ കാലുകള്‍ ഏറെ ചെറുതായിരുന്നു. ആ കാല്‍പ്പാടുകള്‍ എന്നെ മുഴുവനായി മൂടുന്നതു പോലെ തോന്നിയെനിയ്ക്ക്‌. അച്ഛന്റെ മടിയില്‍ കിടക്കുന്നതു പോലെ...
പിന്നെ പതുക്കെ കുനിഞ്ഞ്‌ അവിടുത്തെ മണ്ണ്‌ എന്റെ നെറ്റിയില്‍ ചേര്‍ത്തു.'

അല്‍പനേരം അവളുടെ തേങ്ങലുകള്‍മാത്രമാണവന്റെ കാതില്‍ നിറഞ്ഞത്‌. അവനവളെ നെഞ്ചോടടക്കിപ്പിടിക്കുവാനാണ്‌ തോന്നിയതപ്പോള്‍.
ഏങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.

'അന്ന്, ചാന്തുണങ്ങിക്കഴിഞ്ഞാണ്‌ അച്ഛന്‍ ചവിട്ടിയിരുന്നെങ്കില്‍ എനിയ്ക്കതും നഷ്ടമായേനെ; എന്നെന്നേയ്ക്കും. ഞാന്‍ ഏറെ ഭാഗ്യവതിയാണ്‌, അല്ലേ...?'

ഏറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ പറഞ്ഞുനിര്‍ത്തി-

'ഇനി എന്നെങ്കിലും അവിടെ പോകുമ്പോള്‍ ആ നിലം ഉണ്ടാകുമോ അവിടെ? ചിലപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ്‌ അതവിടെത്തന്നെ കാണും. ചിലപ്പോള്‍...
ഇല്ല. എനിക്കു കാണാന്‍, എനിക്കു തൊട്ടറിയാന്‍ അച്ഛന്‍ നല്‍കിയിട്ടു പോയ ആ നിലം, എന്നും അതവിടെ കാണും. ഇനിയൊരിക്കലും ഞാനാവഴികളിലൂടെ നടക്കില്ല. അതെങ്കിലുമവിടെ ബാക്കിയുണ്ട്‌ എന്ന വിശ്വാസത്തിലെങ്കിലും ജീവിയ്ക്കണമെനിയ്ക്ക്‌...'

ഇപ്പോള്‍ വിതുമ്പിയതവനായിരുന്നു. അവന്റെ മനസ്സില്‍ തനിയ്ക്കു നഷ്ടമായ കോളാമ്പിപൂക്കളുടെ മഞ്ഞ നിറമായിരുന്നു... പിന്നെ ആ കൈവിരലുകളും...

....................

അവളുടെ തേങ്ങലുകള്‍ ഏറെ നേരം മുന്‍പു നിലച്ചിരുന്നു. വീശിയടിക്കുന്ന കാറ്റില്‍ പറന്നുയരുന്ന ജാലകവിരികളില്‍ നോക്കി, ഷഹ്‌നായി തേങ്ങുന്നത്‌ കേള്‍ക്കാതെ അവന്‍ എറെനേരംകൂടി കിടന്നു... സ്വപ്നങ്ങളില്‍ വിരിയുന്ന കോളാമ്പിപ്പൂക്കളേയും കാത്ത്‌...

Labels:

Posted by Mazhanoolukal @ 11/27/2006 03:28:00 PM
31 comments | links to this post

************************************************

Tuesday, August 01, 2006

കടലാസുപക്ഷികള്‍

ഉഷ്ണത്തില്‍ മയങ്ങിക്കിടന്ന നഗരനിരത്തിലൂടെ നടക്കവെ എനിയ്ക്ക്‌, പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും, പതിവിലേറെ വിജനമായ്‌ത്തോന്നിയ ചിരപരിചിതങ്ങളായ പാതയോരങ്ങളിലൂടെ, മരങ്ങളുടെ നിഴല്‍പറ്റി തിരക്കിട്ടെങ്ങോട്ടോ നടന്നു.

എന്റെ വഴികളെല്ലാം വൃത്തത്തില്‍ സഞ്ചരിക്കുന്നുവെന്ന് മനസ്സിലാക്കിയത്‌, കുന്തന്റെ വര്‍ക്ക്ഷോപ്പിലെ ശബ്ദം കൃത്യമായ ഇടവേളകളില്‍ ലഭ്യമായപ്പോഴായിരുന്നു. പിന്നെ, ഉയര്‍ന്നു നിന്നിരുന്ന ഒരു വേര്‌ ഒന്നിലേറെത്തവണ എന്റെ കാലുകളെ വേദനിപ്പിച്ചപ്പോഴും...

.................

അവനെയിനി തിരയേണ്ടതില്ലെന്നറിയാമായിരുന്നു. എങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ, ഒരു വാക്കും പറയാതെ അവനെവിടെയ്ക്കാവും പോയിട്ടുണ്ടാവുക? അവന്റെ പഠിപ്പിനെക്കുറിച്ചെങ്കിലും അവര്‍ക്കോര്‍ത്തുകൂടായിരുന്നൊ? എനിയ്ക്ക്‌, അവന്റെ അച്ഛനമ്മമാരോട്‌ അകാരണമായ ദേഷ്യം തോന്നി.

മുറിയിലെ കടുത്ത ഉഷ്ണത്തില്‍ കയറി വാതിലുകളടയ്ക്കുമ്പോള്‍ മേശപ്പുറത്ത്‌, പക്ഷികളെയുണ്ടാക്കാന്‍ ചീന്തിവച്ചിരുന്ന കടലാസു കഷ്ണങ്ങള്‍ കണ്ടു. എല്ലാം ചുരുട്ടിയെടുത്തു മൂലയ്ക്കെറിയുമ്പോള്‍ ചുമ തുടങ്ങിയിരുന്നു.
നിര്‍ത്താതെ... കനത്തചുമ.
മരുന്നുകള്‍ തരുമ്പോള്‍ തന്നെ ഡോക്ടര്‍ പറഞ്ഞിരുന്നതാണ്‌ പുകയിനി അധികം വലിയ്ക്കരുതെന്ന്‌. അവര്‍ക്കറിയില്ലല്ലോ, ഈ ധൂമപടലങ്ങള്‍ മാത്രമേ, ഇവിടെയെത്തിയാല്‍ എനിയ്ക്കു കൂട്ടുള്ളൂയെന്ന്‌. ജനലിന്റെ പടിയില്‍ വച്ചിരുന്ന സിഗരെറ്റെടുത്ത്‌ തീപിടിപ്പിച്ച്‌ ഞാന്‍ കട്ടിലിലേയ്ക്കു മറിഞ്ഞു.

'എവിടേയ്ക്കു പോകുന്നു? മറന്നുപോയോ...' ഓഫീസില്‍നിന്നും തിരക്കുണ്ടെന്നുപറഞ്ഞിറങ്ങിപ്പോരുമ്പോള്‍ ശര്‍മ്മ ചോദിച്ചു. അവന്റെ വിവാഹാഘോഷത്തില്‍ പങ്കുകൊള്ളാന്‍ നില്‍ക്കാതെ പോയത്‌ തന്റെ ഇടുങ്ങിയ മുറിയിലേയ്ക്കാണ്‌.
വര്‍ണ്ണക്കടലാസുകള്‍കൊണ്ട്‌ അവനു കൊടുക്കാനുണ്ടാക്കി വച്ചിരുന്ന പക്ഷികളുണ്ടവിടെ.
കാണുമ്പോള്‍ ആ കണ്ണുകള്‍ പുഞ്ചിരിയ്ക്കും.
പിച്ചിക്കീറിയിട്ടിരുന്ന വര്‍ണ്ണക്കടലാസുകളിലേയ്ക്ക്‌ നോട്ടങ്ങള്‍ നീളുമ്പോഴെല്ലാം ഞാന്‍ അസ്വസ്ഥനായി.

അവനെ ആദ്യമായ്‌ കാണുന്നതും ചുട്ടുപഴുത്തുകിടന്നിരുന്ന നഗരനിരത്തില്‍ വച്ചായിരുന്നു. അലറിക്കുതിച്ചു വന്ന് അവനരികില്‍ തൊട്ടുതൊട്ടില്ലെന്നമട്ടില്‍ നിര്‍ത്തിയ വാഹന ഉടമസ്ഥന്റെ ആക്രോശങ്ങളായിരുന്നു എന്നെ അന്ന് ചിന്തകളില്‍നിന്നുണര്‍ത്തിയത്‌. ഭയന്ന്, അതോ എന്താണു സംഭവിച്ചതെന്നമ്പരന്നോ, കരച്ചിലിന്റെ വക്കോളമെത്തിയ ആ നില്‍പ്‌ മനസ്സിലെന്തോ ഒരു മുറിവുണ്ടാക്കിയത്‌ ഇന്നും ഞാനോര്‍ക്കുന്നു.

പലപ്പോഴും, ഓഫീസ്‌ കഴിഞ്ഞ്‌, മുറിയിലേയ്ക്കുള്ള കാല്‍നടയാത്രകളില്‍ ഞാനവനെ കണ്ടുമുട്ടിയിരുന്നു.
പിന്നേയും ഏറെക്കഴിഞ്ഞൊരുനാള്‍ ചില്ലലമാരയില്‍ നിരന്ന പലഹാരങ്ങള്‍ നോക്കിനില്‍ക്കുന്ന അവനോടു ഞാന്‍ സംസാരിയ്ക്കാന്‍ ശ്രമിച്ചു. ചായ കൂട്ടുന്നതിനിടയില്‍ മുനിറാം പറഞ്ഞു, 'സാബ്‌ അവനങ്ങനെ ആരോടും മിണ്ടാറില്ല. സ്കൂള്‍ വിട്ടു വന്നാല്‍ ഇവിടെയെല്ലാമിങ്ങനെ ഒറ്റയ്ക്കു ചുറ്റിത്തിരിഞ്ഞു നടക്കും.'

പിന്നെപിന്നെ അവനെനിയ്ക്കൊരു കൗതുകമായി മാറി. അച്ഛനുമമ്മയും പണികഴിഞ്ഞെത്തുന്നതു വരെ, ആരോടും മിണ്ടാതെ വലിയ കണ്ണുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ നിഷ്കളങ്കതയുമൊളിപ്പിച്ച്‌ ചിലപ്പോള്‍ ചായക്കടയില്‍ അല്ലെങ്കില്‍ ഇടുങ്ങിയ തെരുവിന്റെ ഓരങ്ങളില്‍ അതുമല്ലെങ്കില്‍ അല്‍പം കൂടി മുതിര്‍ന്ന കുട്ടികള്‍ ക്രിക്കറ്റ്‌ കളിയ്ക്കുന്നതിനരികില്‍ അവനെന്നും ഒറ്റയ്ക്കു കാണപ്പെട്ടിരുന്നു.

ആയുധപൂജയ്ക്ക്‌ ഓഫിസ്‌ അലങ്കരിയ്ക്കാന്‍ വാങ്ങിയ വര്‍ണ്ണക്കടലാസുകളില്‍ അവന്റെ കണ്ണുകള്‍ ഉടക്കിനിന്നത്‌ ഞാന്‍ അറിയുന്നുണ്ടായിരുന്നു. ചായകുടിച്ചു കഴിഞ്ഞ്‌ ഞാന്‍ വെറുതേ അതിലൊന്നെടുത്ത്‌ കുട്ടിക്കാലത്ത്‌ ചെയ്തിരുന്നതുപോലെ ഒരു പക്ഷിയെ ഉണ്ടാക്കാന്‍ ശ്രമിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടൊപ്പം എനിയ്ക്കരികില്‍ ഞാനവന്റെ സാന്നിധ്യമറിഞ്ഞു. ചെറുചിരിയോടെ അതവനു കൈമാറി ഞാനവന്റെ പേരു ചോദിച്ചു. 'അരബിന്ദോ' പെട്ടെന്നു മറുപടിതന്ന് അവനവിടെത്തന്നെ ഒരു അനിശ്ചിതത്വത്തില്‍ നിലകൊണ്ടു. പൊയ്ക്കൊള്ളുവാനുള്ള എന്റെ അനുമതികിട്ടിയപാടെ അവനതും കൊണ്ട്‌ ഓടുകയായിരുന്നു.

അതിനു ശേഷം ഞാനെന്നും വര്‍ണ്ണക്കടലാസുകള്‍ വില്‍ക്കുന്ന കടയിലെ നിത്യ സന്ദര്‍ശകനായി മാറി. ചിലപ്പോഴെങ്കിലും ജോലിത്തിരക്കുകളാല്‍ എനിയ്ക്കവനെ കാണാന്‍ സാധിയ്ക്കാതെ വരുമ്പോള്‍ അവന്‍ മുനിറാമിനോട്‌ എന്നെക്കുറിച്ചന്വേഷിച്ചു കൊണ്ടിരുന്നെന്നറിഞ്ഞു. അയാളില്‍ നിന്നു തന്നെയാണ്‌ അവനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഞാനറിയുന്നതും.
ദിവസക്കൂലിക്കാരായി ജോലിചെയുന്നവരായിരുന്നു അവന്റെ അച്ഛനമ്മമാര്‍. ബംഗാളിലേതോ ഗ്രാമത്തില്‍ നിന്നും ഇവിടേയ്ക്കു പറിച്ചെറിയപ്പെട്ടവര്‍. ബുദ്ധിമുട്ടുകള്‍ക്കിടയിലും അവരവനെ പഠിപ്പിയ്ക്കാനയക്കുന്നുണ്ട്‌. എനിയ്ക്കവരോടു ബഹുമാനം തോന്നി. പക്ഷേ വൈകുന്നേരങ്ങളില്‍, അവര്‍ വരുന്നതുവരെ ഒരു കൂട്ടുപോലുമില്ലാതെ അവന്‍ തനിച്ചിരിയ്ക്കേണ്ടി വരുന്നതില്‍ അല്‍പം വിഷമവും.

പിന്നെ എന്റെ സായഹ്നങ്ങളില്‍ അവനു ഞാനൊരു കൂട്ടായി... എനിയ്ക്കവനും. കടുത്ത ഉഷ്ണത്തിന്റെ ഒരു മാസത്തില്‍ പനിക്കുളിരില്‍ മയങ്ങിക്കിടന്നിരുന്നൊരു ദിവസം അവനെന്നെ തേടി മുറിയിലെത്തുമ്പോഴാണ്‌ ആ കൊച്ചു മനസ്സില്‍ ഞാന്‍, അല്ലെങ്കില്‍ ഞാനുണ്ടാക്കിക്കൊടുത്തിരുന്ന വര്‍ണ്ണപക്ഷികള്‍ എത്രമേല്‍ സ്വാധീനം ചെലുത്തിയിരുന്നെന്ന്‌ തിരിച്ചറിഞ്ഞത്‌.

മുറിഞ്ഞ ഹിന്ദിയില്‍ ഞാനവനോടു ഏറെ സംസാരിക്കുമായിരുന്നു... പലതും അവനു മനസ്സിലാകുന്നുണ്ടോ എന്നുപോലും ശ്രദ്ധിയ്ക്കാതെ. പതുക്കെ അവനും പറഞ്ഞുതുടങ്ങിയിരുന്നു അവന്റെ വിശേഷങ്ങള്‍. വൈകുന്നേരങ്ങളിലെ, അതോ ആ കാലഘട്ടത്തില്‍ എനിയ്ക്കു പൊതുവേ തോന്നിയതോ ആയ ഏകാന്തതയില്‍ നിന്നു ഞാന്‍ രക്ഷനേടി വരികയുമായിരുന്നു. അപ്പോഴാണിത്‌.

അവര്‍ പോയത്രേ. എങ്ങോട്ട്‌? അതുപറഞ്ഞ മുനിറാമിനോടും ഇന്നു പതിവില്ലാതെ ഞാന്‍ കയര്‍ത്തു സംസാരിച്ചു; പാവം അയാളെന്തു പിഴച്ചു! എങ്കിലും അവര്‍ക്കാരോടെങ്കിലും പറയാമായിരുന്നു, എവിടേയ്ക്കാണ്‌ പോകുന്നതെന്ന്‌.
ഇനി വീണ്ടും സായഹ്നങ്ങളില്‍ ഒറ്റയ്ക്കാകും. കടലാസു പക്ഷികളെ വാങ്ങുമ്പോള്‍ ആ കണ്ണുകളില്‍ തെളിഞ്ഞിരുന്ന സ്നേഹവും സന്തോഷവും എനിയ്ക്കു നഷ്ടമാകും. എന്റെ മനസ്സില്‍ അവനോടുണ്ടായിരുന്ന കരുതല്‍ ഇനിയൊരു ഭാരവുമാകും. അവനോ? അവനെന്താവും തോന്നുന്നുണ്ടാവുക?

ഒരിയ്ക്കല്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞതു സത്യമെന്നു വരുമോ? അനാവശ്യമായ ഭാരങ്ങള്‍ നേടിയെടുക്കുക മാത്രമാണോ ഞാന്‍ ചെയ്തത്‌? കടലാസുപക്ഷികളെ ചാരമാക്കി വീണ്ടും ഞാന്‍ പുറത്തേയ്ക്കിറങ്ങി നടന്നു.

ഉഷ്ണത്തില്‍ മയങ്ങിക്കിടന്ന നഗരനിരത്തിലൂടെ നടക്കവെ എനിയ്ക്ക്‌, പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും, പതിവിലേറെ വിജനമായ്‌ത്തോന്നിയ ചിരപരിചിതങ്ങളായ പാതയോരങ്ങളിലൂടെ, മരങ്ങളുടെ നിഴല്‍പറ്റി തിരക്കിട്ടെങ്ങോട്ടോ നടന്നു.

എന്റെ വഴികളെല്ലാം വൃത്തത്തില്‍ സഞ്ചരിക്കുന്നുവെന്ന് മനസ്സിലാക്കിയത്‌, കുന്തന്റെ വര്‍ക്ക്ഷോപ്പിലെ ശബ്ദം കൃത്യമായ ഇടവേളകളില്‍ ലഭ്യമായപ്പോഴായിരുന്നു. പിന്നെ, ഉയര്‍ന്നു നിന്നിരുന്ന ഒരു വേര്‌ ഒന്നിലേറെത്തവണ എന്റെ കാലുകളെ വേദനിപ്പിച്ചപ്പോഴും...

Labels:

Posted by Mazhanoolukal @ 8/01/2006 02:46:00 PM
19 comments | links to this post

************************************************

Tuesday, June 20, 2006

നക്ഷത്രങ്ങള്‍ പെയ്യുവോളം...


കറുത്ത വിരികളിട്ട ചില്ലുജാലകത്തിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം ആ മുറിയ്ക്ക്‌ സ്വതവേയുള്ള അസാധാരണത്വം ഒന്നു കൂടി വര്‍ദ്ധിപ്പിയ്ക്കുന്നുണ്ടായിരുന്നു. എനിയ്ക്കെന്തോ, അതെന്നും, ഈര്‍പ്പം തങ്ങിനില്‍ക്കുന്ന, തണുത്തുറഞ്ഞ ഒരു മാളം പോലെയാണ്‌ തോന്നിയിട്ടുള്ളത്‌. സുരക്ഷിതത്വവും ഭയാനകതയും ഒരേസമയം ജനിപ്പിയ്ക്കുന്ന ഒന്ന്‌. ഒപ്പം അശ്ലീലത കലര്‍ന്ന ഇരുളും.

.............

നഗരം ഗാഢമായ നിദ്രയിലാണ്‌. താഴെ, ആള്‍ത്തിരക്കൊഴിഞ്ഞ നിരത്തില്‍ വെളിച്ചത്തിന്റെ ഒറ്റത്തുരുത്തുകളായി വഴിവിളക്കുകള്‍ കാണാം. വിളിയ്ക്കുമ്പോഴെല്ലാം, തിരക്കുകള്‍ മറന്നിവിടെ വന്നെത്തുന്നതെന്തെന്ന്‌, തെല്ലമ്പരപ്പോടെ ഞാനോര്‍ത്തു. പക്ഷേ, 'വാക്കുകള്‍ കൊണ്ടു മരണപ്പെടാതെ നിനക്കരികില്‍ കുറച്ചു നേരം തനിച്ചിരിയ്ക്കണം' എന്നവള്‍ പറയുമ്പോള്‍ എനിയ്ക്കിനിയും ഇവിടേയ്ക്കു വരാതിരിയ്ക്കാനുമാവില്ലല്ലോ...

ഗ്ലാസ്സില്‍ അലിയാതെ കിടന്ന മഞ്ഞുകട്ടകളെ ചുവരിലേയ്ക്കെറിഞ്ഞ്‌ ഞാന്‍ പുറംകാഴ്ച്ചകളില്‍നിന്നും മുഖം തിരിച്ചു.
മുറിയുടെ കോണിലിരുന്ന് പുക ആഞ്ഞുവലിയ്ക്കുകയാണവള്‍... കണ്ണുകളടച്ച്‌... ഓരോശ്വാസവും ദീര്‍ഘമായെടുത്ത്‌...
ആ മുഖത്തുകണ്ട അവിശ്വസനീയമായ ശാന്തത ഏതു കൊടുങ്കാറ്റിനെയാണ്‌ ഗര്‍ഭംധരിച്ചിരിയ്ക്കുന്നത്‌? നെറ്റിയിലെ, മാഞ്ഞുതുടങ്ങിയ മുറിപ്പാടിലൂടെ വിരലുകളോടിയ്ക്കുമ്പോള്‍ ഓര്‍ത്തുപോയി...

പെട്ടെന്നവള്‍ ധരിച്ചിരുന്ന ഒറ്റവസ്ത്രം അഴിച്ചെറിഞ്ഞെനിയ്ക്കരികിലേയ്ക്കു വന്നു. കൈകള്‍ കഴുത്തിലൂടെ കോര്‍ത്തിട്ട്‌, ലഹരിയേറുമ്പോള്‍ മാത്രമുള്ള ആ ഇടര്‍ച്ചയോടെ പറഞ്ഞു - 'നൃത്തം... നക്ഷത്രങ്ങള്‍ പെയ്യുവോളം...'

പുകയുടെ ലഹരികനത്ത ഗന്ധത്തിനും മീതെയായ്‌ അവളുടെ തീക്ഷ്ണ സുഗന്ധം ഇപ്പോള്‍ എന്റെ നാസാരന്ധ്രങ്ങളിലേയ്ക്ക്‌ തുളഞ്ഞിറങ്ങി. പാതികൂമ്പിയ ആ മിഴികളിലെ ചുവപ്പുരാശിയില്‍ നോക്കിനില്‍ക്കെ, ഹൃദയതാളങ്ങള്‍ക്കു ഒരുനിമിഷം ചുവടുതെറ്റിയോ...?

പിന്നെയെപ്പോഴോ, മഴനൂലുകള്‍ വൃക്ഷത്തലപ്പുകളില്‍ നൃത്തം തുടങ്ങിയപ്പോള്‍, നിശബ്ദമായ ഏതോ സംഗീതത്തിന്‌ അവളും ചുവടുവച്ചു തുടങ്ങി.
ഒരു നേര്‍ത്ത ചാറ്റല്‍ മഴ പോലെ ഇടറിത്തുടങ്ങിയ അത്‌ പെട്ടെന്നാണൊരു പെരുമഴയായത്‌. വന്യമായ ആ ആവേഗത്തോടൊപ്പം മഴമേഘങ്ങളും ഭ്രാന്തമായ്‌ പെയ്തൊടുങ്ങി.

ചുവടുകളുടെ ചടുലതയില്‍, മുദ്രകളുടെ വശ്യതയില്‍ സമയസൂചികകള്‍ ലയിച്ചതുപോലെ തോന്നിയെനിയ്ക്ക്‌... തീക്ഷ്ണമായ ഏതോ ചൂടില്‍ അവിടമാകെ എരിയുന്നതു പോലെയും. മരവിച്ചുറഞ്ഞ ആ രാത്രിയിലും ഞാന്‍, വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.

എന്നെ ഉറ്റുനോക്കി അവളൊരു നിമിഷം നിശ്ചലയായി.
പിന്നെ കൈത്തണ്ടയില്‍നിന്നും വിയര്‍പ്പുതുള്ളികള്‍ നക്കിയെടുത്തുകൊണ്ട്‌ കാതില്‍ മന്ത്രിച്ചു. 'എന്റെ സങ്കടങ്ങളുടെ ഉപ്പുണ്ട്‌, ഈ വിയര്‍പ്പില്‍... നിന്റെ സിരകളിലോടുന്ന മദ്യത്തെക്കാള്‍ ലഹരിയേറുമിതിന്‌...'

ആ കണ്ണുകള്‍ തിളങ്ങുന്നത്‌ ഇരുട്ടിലും ഞാന്‍ വ്യക്തമായി കണ്ടു.
ബോധത്തിന്റെ അലിയുന്ന വരമ്പുകളില്‍ തരിച്ചിരുന്ന എന്നെ നോക്കി ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവള്‍ വീണ്ടും നൃത്തം തുടര്‍ന്നു.

പിന്നെ ഞാന്‍ മഴയുടെ സംഗീതം കേള്‍ക്കാതെയായി... മഴത്തുള്ളികള്‍ ചില്ലുജാലകത്തില്‍ വരച്ച ചിത്രങ്ങളും ഞാന്‍ പിന്നെ കണ്ടില്ല.
മരുഭൂമിയിലെ മണല്‍ക്കാറ്റിന്റെ ആരവമാണിപ്പോള്‍ കാതുകളില്‍...
ഒരോ ചുവടിലും പുതുതായ്‌ ജനിയ്ക്കുന്ന മരീചികകളായിരുന്നു കണ്ണുമൂടിയത്‌...

ഏറെക്കഴിഞ്ഞ്‌, അടര്‍ന്നു വീണൊരു നക്ഷത്രക്കുഞ്ഞുപോലെ, എന്റെ കൈകളിലവള്‍ തളര്‍ന്നുവീണു. വിയര്‍പ്പിലൊട്ടിക്കിടന്ന മുടിയിഴകളെ മുഖത്തുനിന്നും തുടച്ചുമാറ്റുമ്പോള്‍ എന്റെ വിരലുകള്‍ കൂടുതല്‍ നനഞ്ഞത്‌ കണ്ണുനീരാലായിരുന്നു.

അച്ഛന്റെ പുതിയ കൂട്ടുകാരിയെക്കുറിച്ച്‌ തികഞ്ഞ നിസ്സംഗതയോടെ പറഞ്ഞിട്ട്‌ അവളൊന്നുകൂടി എന്റെ കൈകളിലേയ്ക്കു ചുരുണ്ടു.
ലഹരിയുടെ ബന്ധനങ്ങള്‍ ഓരോന്നായഴിഞ്ഞു പോകുന്നതറിയുന്നുണ്ടായിരുന്നു ഞാനപ്പോള്‍...
അവള്‍ക്കുള്ളതുപോലെ ഉണ്ടാവുന്നതിനേക്കാള്‍, നഷ്ടപ്പെടുവാനാണവളാഗ്രഹിയ്ക്കുന്നത്‌ എന്ന് വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞപ്പോള്‍ എന്നത്തേയുംപോലെ എനിയ്ക്കു പറയാന്‍ തോന്നിയില്ല, നഷ്ടപ്പെടുമ്പോഴേ അതിന്റെ വേദന നീയറിയൂ എന്ന്‌.
പിന്നെ നിലാവുമയങ്ങുന്ന കണ്ണുകളോടെ, 'നിനക്കു മകളായ്‌ ജനിയ്ക്കട്ടെ, വരും ജന്മം ഞാന്‍... കിട്ടാതെപോയ വാത്സല്യം മുഴുവന്‍ നേടിയെടുക്കാന്‍.' എന്ന് കളിയായ്‌ ചോദിച്ചപ്പോഴും ഞാനൊന്നും മിണ്ടിയില്ല‌...

...............

വിതുമ്പിക്കൊണ്ടിരുന്ന അവളെചേര്‍ത്തുപിടിച്ച്‌, ലഹരിമണക്കുന്ന ഇരുളിന്റെ ആ മാളത്തില്‍ പുലരിതെളിയുന്നതും കാത്ത്‌ ഞാന്‍ കിടന്നു, ഉറക്കമില്ലാതെ...


*****************************
ഇബ്രുവിന്‌; ഒരുപാടുനാളുകള്‍ക്കു ശേഷം എഴുതാന്‍ പ്രേരിപ്പിച്ചതിന്‌...

Labels:

Posted by Mazhanoolukal @ 6/20/2006 11:33:00 AM
28 comments | links to this post

************************************************

Monday, June 12, 2006

യാത്ര - മൂന്ന്‌

ഇപ്പോള്‍ രാത്രി ഏറെ വൈകി... വിളക്കുകളുമോരോന്നായണഞ്ഞു. ഞങ്ങളപ്പോള്‍ ആ ഇരുളില്‍ ചേര്‍ന്നിരിയ്ക്കയായിരുന്നു...

അവളുടെ ചുമലില്‍ മുഖം ചായ്ച്ച്‌ കരയുകയാണ്‌ ഞാന്‍...
ആ വിരലുകള്‍ എന്റെ ശിരസ്സില്‍ തഴുകുന്നുമുണ്ടായിരുന്നു.
ഇപ്പോള്‍ ഞാനാണ്‌ പറയുന്നത്‌...
എനിയ്ക്കു പിന്നിലുപേക്ഷിച്ചു പോരേണ്ടി വന്ന സ്നേഹത്തെക്കുറിച്ചു മാത്രമാണു ഞാനവളോടു പറഞ്ഞുകൊണ്ടിരുന്നത്‌. ഇപ്പോള്‍ ഒന്നും മിണ്ടാതെ അവളെന്നെ തലോടിക്കൊണ്ടിരുന്നു...

തണുത്ത കാറ്റ്‌ നിലയ്ക്കാതെ വീശുന്നുണ്ട്‌. അരണ്ട നിലാവില്‍ തിളങ്ങുന്ന ഒരു പുഴ കണ്ടു... ഞാന്‍ പിന്നെയും എന്തെല്ലാമോ പറഞ്ഞു. പിന്നീടെപ്പോഴോ പെയ്തുതോര്‍ന്ന മഴപോലെ ഞാന്‍ അവളുടെ കൈകളില്‍ നിശബ്ദനായി...
അവള്‍ പതുക്കെ എന്റെ നെറ്റിയില്‍ ചുംബിച്ചു. ഇരുളിലൂടെ ആ പതിഞ്ഞ സ്വരം എന്നെ വന്നു തൊട്ടു...

'ചില ബന്ധങ്ങള്‍ ഇങ്ങിനെയാണ്‌... നമുക്കറിയില്ല അവ എവിടെയാണു തുടങ്ങുന്നതെന്ന്‌... എങ്ങിനെയാണ്‌ വളരുന്നതെന്ന്‌... അവ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനങ്ങളും പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ കഴിയാതെ പോകും. എന്നും ഒരു മടക്കയാത്ര ആഗ്രഹിച്ചിരുന്ന നീ, ഇന്നതില്‍ സന്തോഷവാനല്ലാത്തതും മറ്റൊന്നും കൊണ്ടല്ല... വേര്‍പിരിയുന്നവരുടെ വേദനയറിയുമ്പോള്‍, കാത്തിരിക്കുന്നവരുടെ സന്തോഷത്തെ താത്ക്കാലികമായെങ്കിലും മറക്കുന്നു നീ'

പിന്നെ പതുക്കെ എന്നെ മടിയിലേയ്ക്കു കിടത്തി അവള്‍ ചേര്‍ത്തു പിടിച്ചു. അടഞ്ഞ കണ്ണുകളില്‍ അപ്പോള്‍ ഞാന്‍ കണ്ടത്‌ അമ്മയെയായിരുന്നു.

ഏറെ വൈകി ഞാനുണരുമ്പോഴും അവള്‍ അങ്ങിനെതന്നെ ഇരിയ്ക്കുന്നുണ്ടായിരുന്നു. അവളുടെ കനം തൂങ്ങിയ കണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ആ പ്രഭാതത്തിന്‌ ഏറെ പ്രസന്നതയുള്ളതുപോലെ തോന്നിയെനിക്ക്‌ ...

വീണ്ടും ഇടമുറിയാത്ത സംസാരത്തോടെ ആ മദ്ധ്യാഹ്നവും ഞങ്ങള്‍ പിന്നിട്ടു. ഇടയ്ക്കെപ്പോഴോ അവള്‍ പറഞ്ഞു - ഗോദാവരിയില്‍ നാണയങ്ങളെറിഞ്ഞ്‌ ആഗ്രഹിക്കുന്നതെന്തും നടക്കുമെന്നാണു വിശ്വസം.
ട്രെയിന്‍ ഇപ്പോള്‍ ഗോദാവരിയ്ക്കു മുകളിലെ നീളമേറിയ പാലത്തിലൂടെ പോവുകയാണ്‌... നാണയങ്ങള്‍ എറിയുവാനാണോ ഇത്ര പതുക്കെ പോകുന്നത്‌? - ഞാനോര്‍ത്തു.
അവള്‍ കണ്ണുകളടച്ച്‌ ഒരു നാണയം പുഴയിലേക്കെറിഞ്ഞു. ഞാനും അവള്‍ തന്ന നാണയം നദിയുടെ ആഴങ്ങളില്‍ ഉപേക്ഷിച്ചു. പിന്നെ ഒരു പുഞ്ചിരിയോടെ അവളോടു പറഞ്ഞു-
'നീ ആഗ്രഹിച്ചതു നടക്കേണമേയെന്നാണു ഞാന്‍ പ്രര്‍ഥിച്ചത്‌...'
ഒരു നിമിഷം എന്നെ ഉറ്റുനോക്കിയിട്ടവള്‍ പറഞ്ഞു, 'നിനക്കു നല്ലതു വരേണമേയെന്നാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌...'

ഒരു വാക്കും പറയാനാവാതെ അവളുടെ കണ്ണുകളിലേക്ക്‌ നോക്കി ഞാന്‍ നിന്നു... ഹൃദയത്തിലെവിടെയോ, എന്തിനോ, ദു:ഖം കനക്കുന്നതും ഞാനറിഞ്ഞു...

സന്ധ്യ വന്നെത്തുകയാണ്‌... ഇനി ഏറെ അകലെയല്ല, വൈശാഖ്‌. ഞങ്ങള്‍ എപ്പോഴാണ്‌ നിശബ്ദരായത്‌?

ട്രെയിനിപ്പോള്‍ വിശാഖപട്ടണത്തിന്റെ തിരക്കേറിയ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കയാണ്‌. ഞങ്ങള്‍ പുറത്തിറങ്ങി, നിശബ്ദരായ്‌ പരസ്പരം നോക്കിനിന്നു. ഇപ്പോള്‍ അവളെന്റെ വിരലുകളില്‍ മുറുകെപ്പിടിച്ച്‌, കണ്ണുകളിലേയ്ക്കാഴ്ന്നു നോക്കി പറയുകയാണ്‌-

'ജീവിതം ഒരൊത്തുപോകലാണ്‌... ചിലപ്പോള്‍ മറ്റുള്ളവരോട്‌... ചിലപ്പോള്‍ നമ്മോടു തന്നെ... നിനക്കതിന്‌ എന്നെങ്കിലും കഴിയാതെ വരുമ്പോള്‍ വീെണ്ടും നീ എന്നെ കാണും - തികച്ചും അവിചാരിതമായി... ഒരു സ്വപ്നം പോലെ...'

ട്രെയിന്‍ നീങ്ങിത്തുടങ്ങി. എന്നെ മുറുകെ പിടിച്ചിരുന്ന അവളുടെ വിരലുകള്‍ പതുക്കെ വേര്‍പ്പെട്ടു.
ചെറുചിരിയോടെ എന്നെ നോക്കിനില്‍കുന്ന അവളെ ഞാന്‍ വാതില്‍പ്പടിയില്‍ നിന്ന് കണ്ണിമയ്ക്കാതെ നോക്കി; ദൂരം എന്നില്‍ നിന്നകറ്റും വരെ...

തിരികെ വന്നിരിയ്ക്കുമ്പോള്‍ മനസ്സു ശാന്തമായിരുന്നു.
ഞാന്‍ ഓര്‍ത്തു, അതെ, ചില ബന്ധങ്ങള്‍ ഇങ്ങനെയാകാം... നമുക്കു പേരിടാനാവാത്തത്‌. പക്ഷേ ഇവയൊയ്ക്കെത്തന്നെയാണ്‌ നമ്മെ നമ്മളാക്കുന്നത്‌...

ട്രെയിന്റെ താളത്തിനു കാതോര്‍ത്തുകൊണ്ടു കണ്ണുകളടയ്ക്കുമ്പോള്‍ മനസ്സില്‍, വീട്ടില്‍ കാത്തിരിക്കുന്ന അമ്മ മാത്രമായിരുന്നു.
എത്രയും വേഗം അങ്ങെത്തിയിരുന്നെങ്കില്‍... പറയുവാനൊരുപാടുണ്ടെനിയ്ക്ക്‌...

..............................................................

(ആ യാത്ര അവിടെ അവസാനിച്ചു, പക്ഷേ പുതിയതുപലതും അവിടെ നിന്നാണുതുടങ്ങിയത്‌...)

Labels:

Posted by Mazhanoolukal @ 6/12/2006 11:58:00 AM
19 comments | links to this post

************************************************

Tuesday, June 06, 2006

യാത്ര - രണ്ട്‌

മഴ എപ്പോഴോ നിലച്ചിരുന്നു. എങ്കിലും തണുത്ത കാറ്റില്‍ ഞാന്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ആരോ എന്റെ ജാലകത്തിന്റെ മറ നീക്കിയിടുമ്പോഴാണു വീണ്ടും കണ്ണുകള്‍ തുറന്നത്‌. പുഞ്ചിരിയോടെ എന്നെ ഉറ്റുനോക്കുന്ന ഒരു പെണ്‍കുട്ടിയിലാണ്‌ കണ്ണുകള്‍ ആദ്യം പതിഞ്ഞത്‌...
എനിയ്ക്കെതിരെ ജാലകത്തിനരികിലാണ്‌ അവളിരിയ്ക്കുന്നത്‌. എന്തേ ഞാനിത്ര നേരവും അവളെ കണ്ടില്ല!! അവളുടെ അടുത്തായി പ്രൌഢയായ ഒരു മദ്ധ്യവയസ്ക; അമ്മയായും.
അവരെ നോക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും എനിയ്ക്കതിന്‌ കഴിയാതെ പോയി...

അവര്‍ സംഭാഷണം തുടരുകതന്നെയാണ്‌. അതു ശ്രദ്ധിയ്ക്കുന്നതിലെ അനൌചിത്യം മനസ്സിലാക്കും മുന്‍പേ അവള്‍ വൈശാഖിലേക്കുള്ള തന്റെ മടക്ക യാത്രയിലാണെന്നും ആ സ്ത്രീ അവളുടെ ആരുമല്ലെന്നും അറിഞ്ഞു കഴിഞ്ഞിരുന്നു.
ഞാന്‍ പതുക്കെ എന്റെ പ്രിയപ്പെട്ട ഗസലുകളിലേയ്ക്കു മനസ്സുതിരിച്ചു. ഇപ്പോള്‍ കാതുകളില്‍ മന്ദ്രമധുരമായ ഗാനം പെയ്തിറങ്ങയാണ്‌...

"തും ന ബദ്‌ലോഗെ ബദല്‍തെ ഹുവെ മൌസം കി തരഹ്‌...
ബീത്‌നെ വാലി ഹെ ബര്‍സാത്‌ യെ വാദാ കര്‍ലോ...
അബ്‌ ന ഛോഡൊഗെ കഭി സാത്‌ യെ വാദാ കര്‍ലോ...
ഹാഥ്‌ മെ ലേകെ മേരാ ഹാഥ്‌ യെ വാദാ കര്‍ലോ..."

ട്രെയിന്‍ എതോ സ്റ്റേഷനില്‍ നിറുത്തുമ്പോഴാണു ഞാന്‍ വീണ്ടും കണ്ണുകള്‍ തുറന്നത്‌. എന്റെ കണ്ണുകള്‍, എന്തോ, ആദ്യം തിരഞ്ഞതു ആ പ്രസന്നമായ മുഖമാണ്‌. വാതില്‍ കമ്പിയില്‍ പിടിച്ച്‌ പ്രസരിപ്പോടെ അവള്‍ ആ സ്ത്രീയെ യാത്രയാക്കയാണ്‌. ഞാന്‍ പതുക്കെ ക്യാബിനു പുറത്തിറങ്ങി ഒരു സിഗരറ്റിനു തീകൊളുത്തി, കമ്പാര്‍ട്ട്‌മെന്റിലൂടെ നടന്നു.
അത്‌ ഏറെക്കുറേ വിജനമായിരുന്നു. രണ്ടു ക്യാബിനപ്പുറം, വിദ്യാര്‍ഥികളാവാം ഒരു സംഘം ചെറുപ്പക്കാര്‍ ഉച്ചത്തില്‍ പാട്ടുപാടി ആഹ്ലാദപൂര്‍വം യാത്ര ചെയ്യുന്നുണ്ട്‌. പിന്നെ മറ്റൊന്നില്‍ ഒരു ഉത്തരേന്ത്യന്‍ കുടുംബവും.

ഞാന്‍ വാതില്‍പ്പടിയില്‍ ചെന്നിരുന്ന് പുറത്തു സന്ധ്യമയങ്ങുന്നതും, വയലേലകളുടെ ശൂന്യതകള്‍ക്കപ്പുറത്ത്‌ കൊച്ചു മിന്നാമിനുങ്ങുകള്‍ പോലെ വിളക്കുകള്‍ കത്തുന്നതും നോക്കി പുക ആഞ്ഞു വലിച്ചുകൊണ്ടിരുന്നു. എന്തോ ഒരൊറ്റപ്പെടലിന്റെ തീക്ഷ്ണത എന്നെ വരിയുന്നതറിയവെ. ഞാന്‍ തിരികെ ക്യാബിനിലേക്കു നടന്നു...

അവിടെയവള്‍ എന്റെ ഗസലുകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്‌. വീണ്ടും സുന്ദരമായൊരു പുഞ്ചിരി... അപ്പോള്‍ മാത്രമാണ്‌ ഞാനവളെ ശ്രദ്ധിച്ചു നോക്കിയത്‌. ആ മുഖം സുന്ദരമായിരുന്നു. കണ്ണുകള്‍ ചെറുത്‌; ആഴമേറിയതും... ചുരുണ്ട മുടിയിഴകള്‍ നെറ്റിയിലേയ്ക്കു പാറി വീണിട്ടുണ്ട്‌. പെണ്‍കുട്ടിയെന്നതിനേക്കാളേറെ ഒരു മുതിര്‍ന്ന സ്ത്രീയുടെ പക്വതയും.
പെട്ടെന്നു മുഖമുയര്‍ത്തി, എന്റെ കണ്ണുകളുടെ ആഴങ്ങളിലേയ്ക്കവള്‍ നോക്കിയത്‌ എന്നെ തെല്ലസ്വസ്ഥനാക്കിയോ...?

പിന്നീടെപ്പോഴോ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. ഗസലുകളെക്കുറിച്ചുള്ള ആ സംഭാഷണം വളരെ പെട്ടെന്നാണ്‌ ഒരു സൌഹൃദത്തിനു തുടക്കം കുറിച്ചത്‌.

പുറത്തു രാത്രി വളരുകയായിരുന്നു. അതോടൊപ്പം ഞങ്ങളുടെ സൌഹൃദവും... അവളുടെ പതിഞ്ഞ, ഒരു പുഴയൊഴുകും പോലുള്ള സംസാരത്തില്‍ ഞാന്‍ തികച്ചും ഒരു കേള്‍വിക്കാരനായി... കണ്ടുകൊണ്ടിരിക്കുന്തോറും എനിക്കു തോന്നി, ഞങ്ങള്‍ വര്‍ഷങ്ങളായി സുഹ്രുത്തുക്കളാണോ എന്ന്...

ഏറെ കഴിഞ്ഞ്‌ ഞാന്‍ വാതിലിനരികില്‍ വന്ന് ഒരു സിഗരറ്റിനുകൂടി തീ പറ്റിച്ചു. ഇരുളിനെ വകഞ്ഞകറ്റി ട്രെയിന്‍ കുതിക്കുകയാണ്‌. അകലെ ആകാശത്തില്‍ അങ്ങിങ്ങായി ചില നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നുണ്ട്‌. അവള്‍ എനിയ്ക്കരികിലേക്കു വന്നു. തണുത്ത കാറ്റില്‍ ആ ചുരുണ്ട മുടിയിഴകള്‍ ഇരുളിലേയ്ക്കൊഴുകി. ഏതോ ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ടുനിന്ന എന്നെയവള്‍ തട്ടിയുണര്‍ത്തി.
കാബിനുള്ളിലേയ്ക്കു കയറുമ്പോള്‍ അവളെന്റെ വിരലുകളില്‍ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു...

( തുടരും... )

Labels:

Posted by Mazhanoolukal @ 6/06/2006 03:15:00 PM
18 comments | links to this post

************************************************

Tuesday, May 30, 2006

യാത്ര - ഒന്ന്‌

മാര്‍ച്ച്‌ മാസത്തിലെ നിസ്സംഗമായ ഒരു മധ്യഹ്നത്തിലാണ്‌ ആ മടക്കയാത്ര ആരംഭിച്ചത്‌...
റിക്ഷയില്‍, പിന്നിടുന്ന പാതയോരങ്ങളിലേയ്ക്കുറ്റുനോക്കി ഞാന്‍ നിശബ്ദനായിരുന്നു. വേപ്പുമരങ്ങള്‍ കടന്ന്‌ എന്നെ തഴുകി അകന്നു പോവുന്ന കാറ്റിന്‌ നേര്‍ത്ത തണുപ്പുണ്ടായിരുന്നു...

യാത്രയാവുകയാണ്‌. ഇനിയൊരു മടക്കയാത്ര ഇല്ലാത്തവണ്ണം... സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, ദു:ഖത്തിന്റെ, പിന്നെ വേര്‍പാടിന്റെയും അപരിചിതമായ തീക്ഷ്ണതകള്‍ എനിക്കു മനസ്സിലാക്കിതന്ന ഈ കൊച്ചു നഗരത്തിലേക്ക്‌ ഇനിയെന്നെങ്കിലും ഞാന്‍ തിരികെ വരുമോ? അസാധാരണമായ ഒരു വേദന എന്റെ ഹൃദയത്തില്‍ നിറയുന്നതറിഞ്ഞു...

പ്ലാറ്റ്‌ഫോമിലെ തിരക്കില്‍ നിന്നും യാത്ര പറയാതെ ട്രെയിനിലേയ്ക്കു കയറിയ എന്റെ കൈകളില്‍ സുഹൃത്ത്‌ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. എങ്കിലും അതു തീരെ ദുര്‍ബ്ബലമായി എനിക്കു തോന്നി. പതുക്കെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അവന്റെ വിരലുകള്‍ ഒന്നുകൂടി മുറുകിയതു പോലെ... പിന്നെ പതുക്കെ അയഞ്ഞ്‌... പിന്നെ വേര്‍പെട്ട്‌...
കണ്ണുകള്‍ നിറഞ്ഞത്‌ അവന്‍ കാണാതെ മുഖംതിരിച്ച്‌ ഞാന്‍ ക്യാബിനുള്ളിലേയ്ക്കു കയറി.

ജാലകത്തിന്റെ മറ നീക്കി പതുക്കെ കണ്ണുകളടച്ചു. തണുത്ത കാറ്റ്‌ ആഞ്ഞു വീശുന്നുണ്ട്‌. ആകലെയെങ്ങോ മഴപെയ്യുന്നുണ്ടാവാം...
ട്രെയിന്റെ തൊട്ടിലാട്ടത്തിനു കാതോര്‍ക്കുമ്പോള്‍ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍, എന്നോ ഒളിപ്പിച്ചു വച്ച ആ നീല നയനങ്ങള്‍ കണ്ടു. പോരുമ്പോള്‍ തിരശീലക്കു പിന്നില്‍ തെളിഞ്ഞ ആ കണ്ണുകളിലെ നനവ്‌ എന്റെ കണ്ണുനീരായിരുന്നോ? എന്റെ കണ്‍പീലികളില്‍ അരിച്ചിറങ്ങുന്ന ഈ നനവ്‌ ആ കണ്ണുകളിലേതാണോ...?

ഒഴിഞ്ഞ ഗോതമ്പു പാടങ്ങള്‍ക്കു നടുവിലൂടെ ട്രെയിന്‍ പായുകയാണ്‌. വരണ്ട മണ്ണില്‍, അകലെയായി ഒരു ഉണങ്ങിയ വൃക്ഷം ഞാന്‍ കണ്ടു. ഇപ്പോള്‍ തുറന്നിട്ട ജാലകത്തിലൂടെ മഴനൂലുകള്‍ കൈകളില്‍ പതിയ്ക്കുന്നുണ്ട്‌. അകലെ ആകാശത്തിന്റെ ഏതോ വിദൂരതയില്‍ നിന്നും കൊച്ചു മഴത്തുള്ളികള്‍ പെയ്തിറങ്ങുകയാണ്‌. ഒരു നനഞ്ഞ കാറ്റ്‌... ഇപ്പോള്‍ മഴ പെയ്യുന്നത്‌ എന്റെ മനസ്സിലാണ്‌... കണ്ണുകള്‍പൂട്ടി അതില്‍ നനയുമ്പോള്‍ നേര്‍ത്ത തണുപ്പ്‌ എന്നെ നെഞ്ചോടടക്കി പിടിച്ചിരിക്കുന്നതുപോലെ...

സുഹൃത്തിന്റെ അമ്മയുടെ പാദങ്ങള്‍ വന്ദിച്ചു നിവരുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചു പറഞ്ഞ വാക്കുകള്‍ കാതുകളില്‍ വീണ്ടും നിറയുകയാണ്‌-

'അമ്മയോടു പറയണം, നിന്റെ ദേശത്തിനുമൊരുപാടു ദൂരെയുള്ള നിന്റെ ഈ അമ്മ നിന്നെ ഏറെ സ്നേഹിച്ചിരുന്നെന്ന്‌... ഇനി നിന്നെയോര്‍ത്ത്‌ എന്നും വേദനിയ്ക്കുമെന്ന്‌...'

ആ തേങ്ങല്‍ നിശബ്ദമായ മറ്റൊരു തേങ്ങലിനൊടൊപ്പം അകന്നുപോയത്‌ കണ്ണുനീരായിരുന്നോ എന്നില്‍ നിന്നും മറച്ചത്‌? ട്രെയിന്റെ താളത്തിനും മീതെയായ്‌ ശബ്ദമില്ലാത്ത ഒരു തേങ്ങല്‍ ഞാന്‍ കേട്ടുവൊ...?

മഴ ശക്തിയായ്‌ പെയ്യുന്നുണ്ടിപ്പോള്‍. അകലെ മഴയില്‍ കുതിര്‍ന്ന മലനിരകള്‍ അവ്യക്തമായ്‌ കാണാം... എന്തോ ഞാന്‍ ഓര്‍ത്തുപോയി, എന്നുമുതലാണ്‌ അവളുടെ നിശബ്ദതയെ ഇത്ര ഗാഢമായ്‌ സ്നേഹിച്ചു തുടങ്ങിയതെന്ന്‌. പക്ഷേ ഒന്നും മിണ്ടാനാവാത്ത ആ ഏകാന്തതക്ക്‌, ഇനി എന്റെ മൌനത്തിന്റെ കൂട്ടില്ല... ഒരിക്കലും എനിക്കു കേള്‍ക്കാന്‍ കഴിയാതെ പോയ ആ സ്വപ്നങ്ങളും, പറയാതെ പോയ മോഹങ്ങളും ഇനി ഏതു വേനല്‍ മഴയായാണ്‌ പെയ്തൊഴിയുക...? നിഷ്കളങ്കമായ ആ കണ്ണുകളില്‍ ഒരു മഴപെയ്യുന്നുണ്ടാവാം... ഒരു പക്ഷേ അതു കണ്ടാവാം ഈ മേഘങ്ങള്‍ കരയുന്നത്‌...

കണ്ണുകളില്‍ വീണ്ടും വേദന നിറയുന്നതു ഞാന്‍ അറിഞ്ഞു. മഴയുടെ തണുത്ത സാന്ത്വനത്തിലേയ്ക്ക്‌ ഞാന്‍ കണ്ണുകളടച്ചു.

(തുടരും...)

Labels:

Posted by Mazhanoolukal @ 5/30/2006 02:36:00 PM
20 comments | links to this post

************************************************

Tuesday, May 16, 2006

പറയാതെ പോയത്‌...

മഴ തോര്‍ന്നിട്ടുണ്ട്‌... ഇപ്പോള്‍ പെയ്യുന്നത്‌ മരങ്ങളാണ്‌.
എവിടെയോ ഇങ്ങനെയാണോ വായിച്ചത്‌ -
മഴ, നഷ്ടപ്പെട്ട ഒരു കാര്‍മേഘത്തിന്റെ കഥയാണ്‌...
കാറ്റ്‌, നഷ്ടപ്പെട്ട ഒരു കരിയിലയുടെ കഥയാണ്‌...

നഷ്ടപ്പെടലുകളുടെ കഥകള്‍ എനിക്കിനിയും കേള്‍ക്കുക വയ്യ. പക്ഷെ വീണ്ടും...

മഴച്ചാറ്റലില്‍ നനഞ്ഞ ഈ ഒറ്റയടിപ്പാതയും കൊഴിഞ്ഞു വീണ വാകപ്പൂക്കളും മറ്റൊരു നഷ്ടത്തെക്കൂടി എന്നെ ഓര്‍മ്മിപ്പിയ്ക്കയാണ്‌.
ഇവിടെ, ഈ തീരത്ത്‌ തനിച്ചിരിക്കുമ്പോള്‍ എന്തൊയ്ക്കെയോ ആരോടൊയ്ക്കെയോ പറയാന്‍ വല്ലാതെ തിങ്ങുന്നുണ്ടു മനസ്സില്‍. എന്തെന്നറിയില്ല, ആരോടെന്നറിയില്ല... ഇപ്പോള്‍ നിന്നോടു പറയാനും വാക്കുകള്‍ക്കായി ഒരുപാടു തിരയേണ്ടി വരുന്നു.
ഒരു പക്ഷേ പറയാതെ പറയാതെ, എന്റെ വാക്കുകളും എനിക്കു നഷ്ടപ്പെടുകയായിരിയ്ക്കാം...

അമ്മയുടെ മടിയില്‍ കിടന്ന്, ഒരു കഥ പോലെ അച്ഛനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ഏറെ ആഗ്രഹിച്ചു പോയിട്ടുണ്ട്‌, ഒരിക്കല്‍, ഒരിക്കല്‍ മാത്രം അച്ഛന്‍ എന്നെയൊന്നു ചേര്‍ത്തു പിടിച്ചിരുന്നെങ്കിലെന്ന്. ഒരിക്കലും എനിക്കു തിരിച്ചു കിട്ടാത്ത വിധം നഷ്ടമായ്‌പ്പോയ ആ സ്നേഹം എന്റെ കണ്ണുകളുടെ ആഴങ്ങളില്‍ എന്നും ഉറഞ്ഞ ദുഖ:ത്തിന്റെ ചൂടു നല്‍കിയിരുന്നു. പക്ഷേ നിനക്കറിയുമോ, അമ്മയുടെ നഷ്ടം എന്റെ കണ്ണുകളില്‍ നല്‍കിയതു മരണത്തിന്റെ മരവിച്ച തണുപ്പായിരുന്നു.

...........

നീയെനിക്കാരെന്ന് ഇനിയുമെനിക്കറിയില്ല. പക്ഷെ നീ ആരൊയ്ക്കെയോ ആണെനിക്ക്‌... നിന്നെത്തേടി അലഞ്ഞ മരുഭൂവിലൊന്നും നിന്റെ കാല്‍പ്പാടുകള്‍ ഒരിയ്ക്കലും ഞാന്‍ കണ്ടില്ല.
എന്റെ കാല്‍ക്കീഴില്‍ ഒരു പക്ഷേ, മണല്‍ക്കാറ്റ്‌ മായ്ച്ചു കളഞ്ഞ നിന്റെ കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നിരിക്കാം...
ഞാന്‍ പക്ഷേ അറിഞ്ഞത്‌ കള്ളിമുള്‍ക്കാടുകളുടെ മൌനം മാത്രമായിരുന്നു

പിന്നെയെപ്പൊഴോ എന്റെ പ്രതീക്ഷകളും എന്നെ കൈയ്യൊഴിഞ്ഞു പോയിരുന്നു. എങ്കിലും നീ എന്നുമുണ്ടായിരുന്നു... ആരൊക്കെയോ ആയിട്ട്‌...

...........

നിശബ്ദം കരയുമ്പോഴും എന്നെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചിരുന്ന അമ്മയുടെ കണ്ണുകളില്‍ സഹിക്കാനാവാത്ത വേദനകളുടെ വിളര്‍ച്ചയാണു ഞാന്‍ കണ്ടിരുന്നത്‌. രാത്രികളുടെ മരവിച്ച ഏകാന്തതയില്‍, ആ വേദനയുടെ തീവ്രതയില്‍ ഞാന്‍ ഉരുകുമ്പോള്‍ എനിക്കു കൂട്ടായിരുന്നത്‌ അകലെ ആകാശത്തിലെ കൊച്ചു നക്ഷത്രങ്ങളും പിന്നെ നേര്‍ത്ത നിലാവുമായിരുന്നു. ആ നിലാവായിരിയ്ക്കാം നീയെനിക്ക്‌... സൂര്യപ്രഭക്കു എന്നും വഴിമാറിക്കൊടുത്തിരുന്ന നനുത്ത നിലാവ്‌.

...........

ഇനിയുമെഴുതുക വയ്യ. എന്റെ വിരലുകള്‍ വിറക്കുന്നുണ്ട്‌. കണ്ണുകള്‍ നിറയുന്നതും ഞാന്‍ അറിയുന്നു...

പക്ഷേ, ആ നിലാവിനെയാണ്‌ എന്നും ഞാന്‍ സ്നേഹിച്ചിരുന്നതെന്ന് നീ അറിയുക. കണ്ണുകളടയ്ക്കുമ്പോള്‍, വേദന പിടഞ്ഞിരുന്ന ആ പുഞ്ചിരിക്കു പകരം, നിറഞ്ഞ സ്നേഹം കൊണ്ടെന്നെ പൊതിയുന്ന ഈ നിലാവാണ്‌ ഇപ്പോള്‍ ഞാന്‍ കാണാറുള്ളതെന്നും...

ഏെറെ അകലെയാണെങ്കിലും, നേര്‍ത്ത തണുപ്പുള്ള ഈ സാന്ത്വനത്തില്‍ ഞാനൊന്നുറങ്ങിക്കോട്ടെ... അല്‍പനേരം എല്ലാം മറന്നോട്ടെ...

Labels:

Posted by Mazhanoolukal @ 5/16/2006 03:12:00 PM
20 comments | links to this post

************************************************

Tuesday, April 25, 2006

കാല്‍വരി

അന്നൊരു വേനല്‍ മഴയില്‍ കൊച്ചുപൂക്കള്‍ കൊഴിഞ്ഞു പോയിരുന്നു.
മഴതോര്‍ന്ന സന്ധ്യയ്ക്കു സ്വപ്നത്തിന്റെ തണുപ്പുണ്ടായിരുന്നു; സ്നേഹത്തിന്റെ ആര്‍ദ്രതയും...

***************************

ഇവിടെ, ചുറ്റും ഉയരുന്ന ആരവങ്ങള്‍ക്കു നടുവില്‍ ഞാന്‍ നടന്നു.
ആരുടെയോ ശാപോക്തികളും ക്രുദ്ധ നയനങ്ങളും എനിയ്ക്കുമേല്‍ ആഞ്ഞു പതിക്കുന്നുണ്ടായിരുന്നു.
ആരുടെയോ ആജ്ഞയില്‍ ഞാന്‍ നടന്നു.
എന്റെ ചുമലുകളില്‍ സ്വപ്നങ്ങളുടെ കുരിശു ഭാരമുണ്ടായിരുന്നു;
ശിരസ്സില്‍ മോഹങ്ങളുടെ മുള്‍ക്കിരീടവും...
കുന്തമുനകള്‍ക്കു നടുവില്‍, ഉന്മത്ത ഖഡ്ഗങ്ങള്‍ക്കു മുന്നില്‍ ഞാന്‍ എന്റെ കാല്‍വരിയിലേയ്ക്കു നടന്നു.
എനിക്കു മുകളില്‍ ആര്‍ത്തി പൂണ്ട കഴുകന്‍ കണ്ണുകള്‍ വട്ടമിടുന്നുണ്ടായിരുന്നു;
മുന്‍പില്‍ എനിക്കു മുന്നേ തളര്‍ന്നു വീണവരുടെ അസ്ഥികളും...

എന്റെ വേദനകളെ മനസ്സിലേക്ക്‌ ഒപ്പിയെടുത്ത കൈകളേയും തട്ടിയകറ്റി അവരെന്നെ കുന്നിന്‍ നെറുകയില്‍, എന്റെ കുരിശില്‍, ബന്ധനസ്ഥനാക്കി.
അവരെന്റെ കൈകളില്‍ അവരുടെ സ്വാര്‍ഥതയുടെ ആണികള്‍ തറച്ചു.
മാറില്‍ പതിഞ്ഞ കുന്തമുനയുടെ മുറിവില്‍ വാര്‍ന്ന രക്തത്തില്‍ എന്റെ ജീവനും ഉണ്ടായിരുന്നു...

ക്രൂശിയ്ക്കപ്പെട്ടവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഏതു കല്ലറയാണ്‌ ഇപ്പോള്‍ കാത്തിരിയ്ക്കാനുള്ളത്‌?
എനിയ്ക്കറിയില്ല...

***************************

വീണ്ടും...

ഈ ചാറ്റല്‍ മഴയില്‍ കൊച്ചുപൂക്കള്‍ കൊഴിഞ്ഞു പോയി.
പക്ഷേ മഴ തോര്‍ന്ന സന്ധ്യയ്ക്കു സ്വപ്നത്തിന്റെ തണുപ്പില്ല; സ്നേഹത്തിന്റെ ആര്‍ദ്രതയും.
പകരം പണ്ടെന്നോ കൈയ്യെത്തിപ്പിടിക്കാനാഞ്ഞപ്പോള്‍ ഇഴപൊട്ടിയ മഴനൂലുകളുടെ സ്വപ്നത്തിന്റെ വേദന മാത്രം...

Labels:

Posted by Mazhanoolukal @ 4/25/2006 10:42:00 AM
18 comments | links to this post

************************************************

Tuesday, April 04, 2006

മാര്‍ച്ച്‌ 1995

മഴമരങ്ങളുടെ ഇലകള്‍ കൊഴിഞ്ഞു വീണിരുന്ന നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു. ഇപ്പുറം കായലിലെ തിരകള്‍ കനത്ത കല്‍ഭിത്തിയില്‍ തൊട്ടു പിന്‍വാങ്ങുന്നുണ്ട്‌.
അകലെ കപ്പല്‍ ചാലിലെ ഏതോ കപ്പലില്‍ നിന്നും യാത്രാമൊഴി കേട്ടു. തണുത്ത കാറ്റ്‌... തിരകളുടെ സംഗീതം. കായലിലേക്ക്‌ ആഴ്ന്നു പോകുന്ന സൂര്യബിംബവും നോക്കി ഞങ്ങള്‍ നടന്നു; ശബ്ദമില്ലാതെ...

എപ്പോഴോ അവള്‍ പറഞ്ഞു തുടങ്ങി. അവളാദ്യം പറഞ്ഞത്‌ മമ്മയെക്കുറിച്ചായിരുന്നു - ചെറുപ്പത്തിലേ അവള്‍ക്കു നഷ്ടപ്പെട്ട ആ സ്‌നേഹത്തെക്കുറിച്ച്‌... ആ വേദനയുടെ തീവ്രതയെക്കുറിച്ച്‌.
പിന്നെ പപ്പയെപ്പറ്റിപറഞ്ഞു - അവളുടെ ശാഠ്യങ്ങള്‍ക്ക്‌ എന്നും വഴങ്ങിയിരുന്ന ആ സൌഹൃദത്തെക്കുറിച്ച്‌... അതിലെ നനുത്ത ബന്ധനത്തെക്കുറിച്ച്‌...

തണുത്ത കാറ്റേറ്റ്‌ അവളുടെ ശബ്ദം ചിലമ്പിയിരുന്നു, കൈകള്‍ തണുത്തിരുന്നു. ഞങ്ങള്‍ ഒഴിഞ്ഞ ഒരു കല്‍ബെഞ്ചിലിരുന്നു. ഞാന്‍ മുഖമുയര്‍ത്തി. കാറ്റു പറത്തുന്ന മുടിയിഴകള്‍ പാറിവീണ അവളുടെ മുഖം - അരണ്ട വെളിച്ചത്തില്‍ അതൊരു മഞ്ഞുകണം പോലെ തോന്നി.

പിന്നീടവള്‍ പപ്പക്ക്‌ ഇപ്പോഴും മമ്മയോടുള്ള നിറഞ്ഞ സ്നേഹത്തെക്കുറിച്ചു പറഞ്ഞു. പിന്നെ ആ ഒറ്റപ്പെടലിന്റെ വേദനയെക്കുറിച്ച്‌... പൊടിഞ്ഞു വന്ന കണ്ണീര്‍ അവള്‍ തണുത്ത കൈത്തലം കൊണ്ടു തുടച്ചു. ഇപ്പോഴും ഒന്നും പറയാനില്ലാതെ ഞാന്‍ നോക്കിയിരുന്നു. അവള്‍ വീണ്ടും പറഞ്ഞുകൊണ്ടിരിയ്ക്കയായിരുന്നു. പക്ഷേ ഞനൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.
ഞാന്‍ ഓര്‍ക്കുകയായിരുന്നു... അച്ഛനെക്കുറിച്ച്‌, അമ്മയെക്കുറിച്ച്‌, ഈ സ്നേഹത്തിന്റെ സമൃദ്ധിയെക്കുറിച്ച്‌... കണ്ണുകള്‍ നനയുന്നത്‌ അവള്‍ കാണാതെ ഞാന്‍ മുഖം കുനിച്ചു, നനുത്ത ഇരുട്ടിലേക്ക്‌...

അവളുടെ നേര്‍ത്ത വിരലുകള്‍ എന്നെ തൊട്ടപ്പോള്‍ ഞാന്‍ വീണ്ടും മുഖമുയര്‍ത്തി. അവള്‍ തുടരുകയാണ്‌ - മഴയെക്കുറിച്ച്‌, മഴയുടെ സംഗീതത്തെക്കുറിച്ച്‌, അതിലെ ദു:ഖത്തെക്കുറിച്ച്‌... പിന്നെ പണ്ടു ഞങ്ങള്‍ കൈയ്യെത്തിപ്പിടിച്ച മഴനൂലുകളുടെ സ്വപ്നങ്ങളെക്കുറിച്ച്‌...

ഗസലുകളെ പറ്റി, ഗസലുകളുടെ ആര്‍ദ്രതയെപ്പറ്റി, അതിലെ നനുത്ത പ്രണയത്തെപ്പറ്റി, പിന്നെ എന്റെ സ്നേഹം അവയില്‍ അലയടിക്കുന്നതിനെപറ്റി...

അവള്‍ തുടര്‍ന്നു, ഓര്‍മ്മയുടെ മണിച്ചെപ്പില്‍ അവളൊളിപ്പിക്കുന്ന സ്നേഹത്തിന്റെ മഞ്ചാടി മണികളെക്കുറിച്ച്‌... അവള്‍ തനിച്ചിരുന്നു കളിയോടമിറക്കിയ സ്വപ്നതീരങ്ങളെക്കുറിച്ച്‌... മാറിലവളൊളിപ്പിക്കുന്ന എന്റെ നിശ്വാസത്തിന്റെ ചൂടിനെക്കുറിച്ച്‌... കൈക്കുമ്പിള്‍ നിറച്ച കൊച്ചു മഴത്തുള്ളികളെ കുറിച്ച്‌... വരണ്ട മരുഭൂവിലേക്കുള്ള വേര്‍പിരിയലിനെക്കുറിച്ച്‌... മരണത്തിന്റെ തണുത്ത സാന്ത്വന പ്രതീക്ഷകളെക്കുറിച്ച്‌... പിന്‍വിളിയായ്‌ നില്‍ക്കുന്ന വാല്‍സല്യത്തിന്റെ തലോടലിനെക്കുറിച്ച്‌...

ഒടുവില്‍ ഇരുട്ടു ഞങ്ങളെ പൂര്‍ണ്ണമായി മൂടിയപ്പോള്‍ അവളെന്റെ മടിയില്‍ തലവച്ചു കരയുകയായിരുന്നു. അവളെ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈകള്‍ വിറയ്ക്കുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നു. പിന്നീട്‌ എപ്പോഴൊ അവള്‍ എഴുന്നേറ്റു നടന്നു തുടങ്ങി. അപ്പോഴും ഉയര്‍ന്നു കേട്ട അവളുടെ തേങ്ങല്‍ എന്റെ ജീവനിലേക്കു കടന്നു വരുന്നതും ഞാന്‍ അറിഞ്ഞു.

നേര്‍ത്ത ഇരുളില്‍ പെയ്യുന്ന മഴച്ചാറ്റലില്‍ അവള്‍ അലിഞ്ഞു തീര്‍ന്നു. വെറുതെയെങ്കിലും ഒന്നു തിരികെ വിളിക്കാനാവാതെ ഞാന്‍ അതുനോക്കി നിന്നു.

ഇപ്പോഴും ഓളങ്ങള്‍ വര്‍ദ്ധിച്ച ശക്തിയോടെ കല്‍ഭിത്തിയില്‍ തലയടിച്ചു ചിതറി. മനസ്സില്‍ മറ്റൊരു കടലിരമ്പുമ്പോള്‍ കൊഴിഞ്ഞ ഇലകള്‍ക്കു മീതെ ഞാന്‍ എങ്ങോട്ടോ നടന്നുതുടങ്ങി. അപ്പോഴും നേര്‍ത്ത കാറ്റില്‍ ഞാനവളുടെ തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു...

'മഴയായ്‌, ഒരു നനഞ്ഞ കാറ്റായ്‌ ഞാനെത്തും നിനക്കരികില്‍... നിന്റെ സ്വപ്നങ്ങള്‍ പങ്കിടാന്‍, നിന്റെ കണ്ണുകളുടെ ആഴങ്ങളില്‍ നോക്കിയിരിക്കാന്‍...'

Labels:

Posted by Mazhanoolukal @ 4/04/2006 02:49:00 PM
28 comments | links to this post

************************************************

Tuesday, March 28, 2006

മഴനൂലുകള്‍...

വെറുതേ, ആരും കാണാതെ കുറിച്ചിട്ട, ആരും കേള്‍ക്കാതെ മനസ്സിലൊളിപ്പിച്ചു വച്ചിരുന്ന കുറച്ചു വാക്കുകള്‍, ഓര്‍മ്മകള്‍... എല്ലാം എന്റേതു മാത്രമല്ലെന്നു കൂടി പറഞ്ഞുകൊള്ളട്ടേ...

തുളസിയെയും വര്‍ണമേഘങ്ങളേയും പഴിചാരാം, എന്നെ ഇവിടേക്കു നടന്നെത്തിച്ചതില്‍...

കൂടുതലായി ഒന്നും പറയുവാനില്ല... മുന്‍പെഴുതിവച്ച കുറച്ചോര്‍മ്മകള്‍. പുതിയവയ്ക്കായ്‌ ഇനിയൊട്ടു തേടുന്നുമില്ല.

........................

മഴനൂലുകള്‍...

അമ്മയുടെ മടിയിലെ ഇളംചൂടില്‍ ചേര്‍ന്നിരുന്നു കേട്ട കഥകള്‍ക്കൊക്കെയും മഴച്ചാറ്റലിന്റെ നനവുണ്ടായിരുന്നു...

പിന്നെ അവളുടെ ഹൃദയമിടിപ്പിനോടൊപ്പം മന്ത്രിച്ച വാക്കുകള്‍ക്കും മഴത്തുള്ളികളുടെ താളമുണ്ടായിരുന്നു...

മഴയുടെ ഗന്ധം, അതിന്റെ സംഗീതം, അതിലെ ദു:ഖം - പിന്തുടരപ്പെടുകയായിരുന്നു എന്നും..

........................

മഴയായ്‌ എനിക്കരികിലെന്നുമെത്തുമെന്നു പറഞ്ഞ്‌ അവള്‍ നടന്നകന്നു പോയത്‌ ഒരു ചാറ്റല്‍ മഴയിലേക്കായിരുന്നു...

പിന്നെ നിനച്ചിരിക്കാതെ ഒരു പെരുമഴയുടെ ദിവസം തന്നെയാണ്‌, എന്നെ തനിച്ചാക്കി അമ്മ പോയതും...

മഴയെനിക്കു വാല്‍സല്യത്തിന്റെ നനുത്ത ചൂടും, പ്രണയത്തിന്റെ സംഗീതവും മാത്രമായിരുന്നില്ല, വേദനകളുടെ കൈപ്പും നിറഞ്ഞതായിരുന്നു...

........................

പണ്ടെന്നോ ഞാന്‍ കൈയ്യെത്തിപ്പിടിച്ച മഴനൂലുകള്‍...
അതോ കൈയ്യെത്തിപ്പിടിക്കാന്‍ ആഞ്ഞപ്പോള്‍ ഇഴപൊട്ടിയ മഴനൂലുകളൊ?

Labels:

Posted by Mazhanoolukal @ 3/28/2006 03:27:00 PM
26 comments | links to this post

************************************************


View Profile





Links

Malayalam Font
Inspiring {Eyes!}
Insane Moments

Previous Posts

ഇലഞ്ഞികള്‍ പൂക്കുന്നത്‌...
കോളാമ്പിപൂക്കള്‍...
കടലാസുപക്ഷികള്‍
നക്ഷത്രങ്ങള്‍ പെയ്യുവോളം...
യാത്ര - മൂന്ന്‌
യാത്ര - രണ്ട്‌
യാത്ര - ഒന്ന്‌
പറയാതെ പോയത്‌...
കാല്‍വരി
മാര്‍ച്ച്‌ 1995


Archives
March 2006
April 2006
May 2006
June 2006
August 2006
November 2006
April 2007